മമ്മൂട്ടി ചിത്രം ടർബോ 50 കോടി ക്ലബ്ബിൽ. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ചെയ്ത നാല് ദിവസം കൊണ്ട് 52.11 കോടിയാണ് ആകെ ടർബോ നേടിയിരിക്കുന്നത്. കട്ടക്ക് കൂടെ നിന്ന പ്രേക്ഷകർക്ക് ഒരായിരം നന്ദിയെന്ന് മമ്മൂട്ടി കമ്പനി കണക്കുകൾ പുറത്തുവിട്ട് ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറഞ്ഞത്. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനം 224 എക്സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്സ്ട്രാ ഷോകളാണ് ചാർട്ട് ചെയ്തിരുന്നത്. 2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.
ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിച്ചത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രത്തില്‍ വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കിയത്.